Wednesday 4 July 2018

ഓടപ്പള്ളം ഗവ.ഹൈസ്ക്കൂള്‍ - മികവിന്റെ പാഠശാല
ഓടപ്പള്ളം പ്രദേശത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി സ്ഥിതി ചെയ്യുന്ന ഓടപ്പള്ളം ഗവ.ഹൈസ്ക്കൂളിന്റെ ആരംഭം 1953ല്‍ ഒരു ഏകാധ്യാപകവിദ്യാലയമായിട്ടായിരുന്നു. കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്ന അധ്യാപകനില്‍ തുടങ്ങിയ വിദ്യാലയം 1990കളില്‍ എത്തുമ്പോള്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വിദ്യാലയമായി മാറിയിരുന്നു. ആറേക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന ഹരിതാഭമായ സ്ക്കൂള്‍ ക്യാമ്പസ് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ന് ( 2018ല്‍ ) 288 വിദ്യാര്‍ത്ഥികളാണ് ഒന്നാംതരം മുതല്‍ പത്താംതരം വരെ ഇവിടെ പഠിക്കുന്നത്. കൂടാതെ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി ക്ലാസ്സില്‍ 25 വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്.
 വിദ്യാലയത്തിനായി സ്വന്തമായി സ്ക്കൂള്‍ ബസ്സും എല്‍.പി.വിഭാഗം കുട്ടികള്‍ക്കായുള്ള പാര്‍ക്കും, ഔഷധോദ്യാനവും ശലഭോദ്യാനവും ഉള്‍പ്പെടുന്ന ഒരു ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്
 
2016-17 വര്‍ഷം മുതല്‍ ആരംഭിച്ച 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വിദ്യാലയവികസന പദ്ധതിയിലൂടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എയും പൊതുസമൂഹവും ചേര്‍ന്ന് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. "കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സ്വപ്നതുല്യമായ നേട്ടങ്ങള്‍" (“TEAMWORK MAKES THE DREAMWORK”) എന്നതാണ് വിദ്യാലയകൂട്ടായ്മ പിന്തുടരുന്ന ആപ്തവാക്യം.
വിദ്യാലയം നടപ്പിലാക്കിയ 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വികസന പദ്ധതി  ആര്‍.എം.എസ്.എ. 2017ല്‍ ഏറ്റവും മികച്ച മാതൃകാ പ്രവര്‍ത്തനമായി തെരഞ്ഞെടുത്തിരുന്നു. 

No comments:

Post a Comment

Note: only a member of this blog may post a comment.