Saturday 7 July 2018

നൂറുമേനിയേക്കാള്‍ തിളക്കമുള്ള വിജയങ്ങള്‍

നൂറുമേനിയേക്കാള്‍ തിളക്കമുള്ള വിജയങ്ങള്‍

 നമ്മുടെ സ്ക്കൂളിലെ ഈ വര്‍ഷത്തെ(2017-18) എസ്.എസ്.എല്‍.സി.വിജയം നൂറുമേനിയല്ല., പക്ഷേ നൂറുമേനിയേക്കാള്‍ തിളക്കമുണ്ട് ഈ വിജയത്തിന്..
കാരണം ഇത്തവണ പത്താംതരത്തില്‍ നിന്നും  വിജയിച്ച 43 വിദ്യാര്‍ത്ഥികളില്‍ 14 പേര്‍ ഒരിക്കല്‍ പഠനം നിര്‍ത്തുകയും വര്‍ഷങ്ങള്‍ക്കു ശേഷം ഈ കഴിഞ്ഞ വര്‍ഷം ഒമ്പതാംതരത്തില്‍ തിരികെ ക്ലാസ്സിലെത്തിയവരുമാണ്. പഠനം നിര്‍ത്തി തിരികെയെത്തിയ 27 ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളുള്‍പ്പെടുന്ന 56 പേരുടെ ബാച്ചാണ് ഇത്തവണ പത്താംതരം പരീക്ഷ എഴുതിയത്.  2016-17 വര്‍ഷം സ്ക്കൂളില്‍ ആരംഭിച്ച 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന സംസ്ഥാനശ്രദ്ധ പിടിച്ചു പറ്റിയ പ്രൊജക്ടിന്റെ പ്രവര്‍ത്തനഫലമായാണ് പഠനം നിര്‍ത്തിയ ഈ വിദ്യാര്‍ത്ഥികളെ സ്ക്കൂളില്‍ തിരികെയെത്തിച്ചത്. ഈ കുട്ടികളടക്കം പഠനം നിര്‍ത്തിയ 75 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ സ്ക്കൂളില്‍ തിരികെയെത്തിച്ചിരുന്നു. ഇതിനായി എ‍ഡ്യുക്കേഷന്‍ വൊളണ്ടിയര്‍ ഗ്രൂപ്പുകളുടെ രൂപീകരണം, വായനാമുറ്റങ്ങള്‍, അതിഥി ക്ലാസ്സുകള്‍, ഫുട്ബോള്‍ പരിശീലനം തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ അന്നു നടന്നിരുന്നു. ഈ പ്രൊജക്ടിന് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍.എം.എസ്.എയുടെ മികവ് 2017 അവാര്‍ഡും ലഭിച്ചിരുന്നു.

       പഠനം പാതിവഴിയിലുപേക്ഷിച്ച്  പിന്നീട് സ്ക്കൂളില്‍ തിരികെയെത്തിയ ഈ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം സ്ക്കൂളിലെ അധ്യാപകര്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തു. അക്ഷരങ്ങള്‍ പോലുമറിയാത്ത ഈ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ഏതാനും മാസത്തെ സ്ക്കൂള്‍ അനുഭവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇവര്‍ക്കായി ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തന പാക്കേജ് അധ്യാപകര്‍ തയ്യാറാക്കി. ഗൈഡന്‍സ് ക്ലാസ്സുകള്‍, ഫാമിലി കൗണ്‍സിലിങ് ക്ലാസ്സുകള്‍, അധ്യാപകര്‍ സ്വയം തയ്യാറാക്കിയ പ്രത്യേക വര്‍ക്ക് ഷീറ്റുകള്‍ ഉപയോഗിച്ചുള്ള ക്ലാസ്സുകള്‍, അധ്യാപകര്‍ കുട്ടികളെ ഏറ്റെടുത്തു കൊണ്ടുള്ള 'സഹരക്ഷിതാവിനൊപ്പം' പരിപാടി, 42 ദിവസം നീണ്ടു നിന്ന സഹവാസക്യാമ്പ്, ജൂലൈ മാസം മുതല്‍ ആരംഭിച്ച ക്യാമ്പ് തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍..





 
സ്ക്കൂള്‍ വര്‍ഷാരംഭത്തില്‍ (2017 ജൂണില്‍ ) നടത്തിയ പ്രീടെസ്റ്റ് പ്രകാരം വിജയശതമാനം(അടിസ്ഥാന ശേഷികളെങ്കിലും നേടിയവര്‍) വെറും 18%, ഒന്നാം ടേമില്‍ വിജയശതമാനം 38% രണ്ടാം ടേമില്‍ 40%, പ്രവര്‍ത്തനങ്ങളുടെ അവസാനപടിയായ സഹവാസക്യാമ്പും പിന്നിട്ട് നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം 76%. (ഒരു FULL A+ നേടാനും സാധിച്ചു)
ഏതാനും മാസങ്ങള്‍ മാത്രം സ്ക്കൂളില്‍ പഠിച്ചിട്ടുള്ള, നൂറുശതമാനവും തോല്‍ക്കുമെന്ന് ഏവരും വിധിയെഴുതിയ ആ 14 വിദ്യാര്‍ത്ഥികളടക്കം 43 പേര്‍ വിജയിച്ചു.
നിങ്ങള്‍ പറയൂ ഈ വിജയം നൂറുമേനിയേക്കാള്‍ തിളക്കമുള്ളതല്ലേ..???




No comments:

Post a Comment

Note: only a member of this blog may post a comment.